Thursday, July 2, 2015

നീല നിലാവേ..


സ്വപ്നകൂട്















മഞ്ഞു നിറഞ്ഞോരീ പാതയോരങ്ങളില്‍
ഇന്നലെ തന്‍ അനുബന്ധം തേടി ഞാനലയവെ
കൂട്ടിനുണ്ടായതോ, നീയേകിയ സ്വപ്ന കൂടുമാത്രം

ശോണമേഘങ്ങളാല്‍ പകലാറുവോളം
കടല്‍ത്തിരയുടെ കന്മഷമുറ്റ മനസ്സുമായ് ഞാനലഞ്ഞു...
ഞെട്ടറ്റു പോയൊരാ പൂക്കളും ഇലകളും
എന്‍ വായ്ത്താരിക്കു കാതോര്‍ത്തു നിന്നു.

സ്നേഹമാം ഹിമകണം മിഴികളില്‍ വസന്തം തീര്‍ത്തും 
മൊഴികളാല്‍ സാന്ത്വനമോതിയും 
നിന്‍ സ്വരജതിക്കും തംബുരു ശ്രുതികള്‍ക്കും 
എന്‍ പാദമണികള്‍ നടമാടിയും, ഒരുവേള
സ്വപ്നക്കൂടു നാം സ്വര്‍ഗ്ഗമാക്കി.

നീ നല്‍കിയ തൂലികയില്‍ സ്വപ്നവും ചിന്തയും 
സ്നേഹവും നിറച്ചു മഴവില്‍ചാരുതയുള്ള 
വര്‍ണ്ണാക്ഷരങ്ങളാല്‍ കവിത കുറിച്ചതുമീ 
സ്വപ്ന കൂട്ടില്‍ വെച്ചായിരുന്നു

പക്ഷെ,

കൂടു പൊളിച്ചു പുതുചിറകു വിരിച്ചങ്ങു
നീ പറന്നകന്നില്ലേ , പുതുവാനം തേടി.
പൂനിലാ മിഴിപൂട്ടിയ രാത്രി പോലെ,
നോവേരിഞ്ഞടാങ്ങാത്തൊരു ശൂന്യതയില്‍
ഊഷര മൗനത്തിന്‍ ഭാണ്ഡവും മായ്നില്ക്കും,
എന്‍ മുന്നില്‍ മറ്റൊരു സ്വപ്നത്തിന്‍ കൂടു തുറന്നപ്പോള്‍
നിന്നെ അവിടെങ്ങും കണ്ടതേയില്ല ഞാന്‍.

മഞ്ഞു നിറഞ്ഞൊരാ പാതതന്നോരങ്ങള്‍ ഉണ്ടായതില്ല
കവിത കുറിക്കാന്‍ ശോണമേഘമോ വിരുന്നുവന്നതില്ല
മിഴിയില്‍ ചാരുതയാം സ്വപ്നങ്ങളൊന്നും ഉണ്ടായതില്ല.

നാദം നിലച്ചോരാ നൂപുരവും, 
ഇഴമുറിഞ്ഞോരാ തംബുരുവും. 
മഷിയൂറി വറ്റിയ തൂലികയുമായ്, 
ജരാനരപിടിപെട്ട ഓര്‍മകളില്‍, 
ആറടി മണ്ണിന്‍ സ്വകാര്യതയിലെ 
ശയനത്തിനായി ഞാന്‍ കാത്തിരിപ്പൂ...