Wednesday, December 31, 2014

നിരയില്ലാതെ വരികള്‍






കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു  മാറ്റി
വിണ്ണിന്‍റെ നീലിമയിലലിഞ്ഞു ചേര്‍-
ന്നൊരു  കവിതയെഴുതുവാന്‍ കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു 
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി  ഞാനലഞ്ഞു ...

സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...

ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള്‍ കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല  ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല  ഇളവെയിലേല്‍ക്കുവാന്‍...

ഇരവും പകലും കാത്തിരുന്നു ഞാന്‍ 
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും  കരങ്ങള്‍
വിറങ്ങലിച്ചു നില്‍ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു  ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.

വറ്റിയ ഒരരുവിപോലെ,  കൂട്ടം തെറ്റി-
യൊരജത്തെ പോലെ,  അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത  വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന്‍ കൂട്ടംപോല്‍
കടലാസ്സിന്‍ വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..

Monday, December 29, 2014

എന്നിലെ കവിത





















സൂര്യനെ മറയിച്ചെത്തും മഴ മേഘങ്ങളെ
നോക്കി ഞാന്‍ കവിത കുറിക്കുന്നു 
എന്‍റെ കവിതകള്‍  ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍. 

മഴമേഘങ്ങള്‍  പകുത്തുനല്‍കിയ
മഴവില്ലിന്‍ ചീളുകള്‍ പെറുക്കിയെടുത്ത്‌
കൂടു പണിയാന്‍ പാറിനടക്കും പക്ഷികള്‍
എന്‍റെ കവിതകള്‍ക്കായി കാതോര്‍ത്തിരുന്നു..!

പകലിന്‍ സുതാര്യതയും,
രാത്രിയുടെ നിഗൂഡതയും
എന്‍റെ കവിതകളുടെ കൂട്ടുകാരായി...
എങ്കിലും , ഒരു കവിതയിന്നുമെന്നില്‍ 
ബാക്കിയായി നില്‍പ്പൂ.....!!

Thursday, December 18, 2014

മാനത്തെ കള്ളന്‍





















കിഴക്കു നിന്നും പടിഞ്ഞാട്ടേക്ക്
പകലന്തിയോളം ഭൂമിയില്‍ അലഞ്ഞങ്ങനെ!
പിന്നെയോ, തിരികെ രാവു മുഴുവന്‍ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ടങ്ങനെ സുര്യന്‍...!!

എന്നാല്‍ ചന്ദ്രനോ ? 
അന്തിചോപ്പണിഞ്ഞു നില്‍ക്കും സുര്യനില്‍ നിന്നും 
പ്രണയാര്‍ദ്രയായി കൈനീട്ടി വാങ്ങിയോരാ 
രാവിനെ,  മാറോടു ചേര്‍ത്തിറുകെ പുണര്‍ന്ന്
ഭൂമിയെ തമസിന്‍ കമ്പളം മാറ്റാനനുവദിക്കാതെ  
ഒരു കള്ളനെപ്പോലെ  നില്‍പ്പൂ!!

Tuesday, December 16, 2014

എന്‍റെ ഇന്നലെകള്‍





















ഞാന്‍ നടന്ന വഴികളില്‍ പൂക്കള്‍
വിരിച്ചതെന്നമ്മ!

പിച്ച വെച്ച പാദങ്ങള്‍ക്ക് വളര്‍ച്ചയുടെ പടവുകളില്‍ 
കരുത്തായി നിന്നതെന്നച്ഛന്‍!!

ക്ഷീരപഥത്തിലെ മിന്നും താരകങ്ങളെകാട്ടി
കഥപറഞ്ഞുത്തന്നതോ എന്‍ മുത്തച്ചന്‍!

ജാലകപ്പാളിക്കുമപ്പുറം നീളുന്ന നീരദചിത്രങ്ങളെ 
കാട്ടി കവിത ചൊല്ലിത്തന്നതെന്‍ മുത്തശ്ശി!! 

മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും 
മഴവില്ലും കാട്ടിത്തന്നതോ, എന്‍ ഏട്ടന്‍....

പുളിമാങ്ങ പെറുക്കി ഉപ്പുകൂട്ടി 
നുകരുവാന്‍ പഠിപ്പിച്ചതെന്നെട്ടത്തി!.

തറവാട്ടിലെ കിഴക്കേത്തൊടിയില്‍,
തമസില്‍ ഒളിച്ചിരിക്കും കാവിന്നുള്ളില്‍  
പാമ്പിന്‍പടം കാട്ടി പേടിപ്പിച്ചതോ
എന്‍ കളിക്കൂട്ടുകാരന്‍ ....

എല്ലാം ഇന്നലെ എന്നപോലെന്‍ 
നിദ്രയില്‍ ഉണര്‍ന്നിടുന്നു.

കാലമെത്ര കഴിഞ്ഞെന്നാലും 
എന്‍ ഹൃത്തിലിപ്പോഴും,
അണയാതെ കത്തുന്നേന്‍ ഓര്‍മ്മകള്‍..

Friday, December 12, 2014

രാവിന്‍റെ പരിഭവം.





















നീല വിഹായസ്സില്‍ വിഹരിക്കും 
നിലാവേ ഇന്നു നിന്നേ കണ്ടതില്ല ..
പുഞ്ചിരി പൊഴിക്കും പലോളി ചന്ദ്രാ 
നിന്നെയുമിന്നു കണ്ടതില്ല..
ഇമ ചിമ്മി വിരിയുന്നീ നഭസ്സിലെ താരങ്ങളേ 
എന്തെ മാനം മൂടിയമേഘക്കീറിനുള്ളില്‍
ഒളിച്ചിരിപ്പൂ.....
രാവിന്‍റെ സുന്ദരി, നിശാഗന്ധി 
എന്തേ നീ വിടരാന്‍ മറന്നു...
ഏയ്, രാപ്പാടിപെണ്ണെ, എന്തേ നിനക്കു
ശ്രുതി പിഴച്ചു..?
സ്വപ്ന പടവുകളില്‍‍ മിഴികള്‍ തുറന്നു 
നിദ്രതന്‍ മൃദു സ്പര്‍ശനത്തിനായി 
എത്ര നേരമായ് കാത്തിരിപ്പൂ ഞാന്‍. 
എന്തെ ഇന്നിങ്ങനെ ...??
രാവിനെന്നോടു പരിഭവമാണോ?

Thursday, December 11, 2014

താളുകള്‍





















നിറം മാഞ്ഞൊരു 
പുസ്തകമാണെന്‍ ജീവിതം 
പൊടി തട്ടിയെടുത്തു
തുറന്നു നോക്കുകില്‍,
കടപ്പാടുകളുടെ കഥ ചൊല്ലും.
പരസ്പരം അന്യരാക്കി 
നടന്നകന്നവരുടെ കഥകള്‍.
ഓര്‍മ്മതന്‍ താളുകള്‍
ഒന്നൊന്നായി മറിക്കുമ്പോള്‍
പ്രണയമെന്ന പേരില്‍ 
നിന്‍ പേര് മാത്രം.......

Tuesday, December 9, 2014

സ്വപ്നമെന്‍ കൂട്ടുക്കാരി



















ഇരുളിന്‍ അന്ത്യയാമത്തില്‍ 
അനുവാദത്തിനായ്‌ കാത്തു നില്‍ക്കാതെ 
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി

രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും  
പിന്നെയൊരേങ്ങിക്കരച്ചിലും, 
അവള്‍ക്കു മാത്രം സ്വന്തം.

അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍ 
പടിയിറങ്ങിപ്പോയവള്‍...

Monday, December 8, 2014

സന്ധ്യാ മേഘം





















മഴവില്ലിനോട്‌ കടം വാങ്ങിയോരാ 
സപ്‌ത വര്‍ണ്ണങ്ങളുമായി മടങ്ങിയ 
സന്ധ്യാ മേഘത്തിന്‍ സിന്ദുരാരുണിമ 
നിറഞ്ഞൊരു സുന്ദര സന്ധ്യയിലാണെന്‍
സ്വപ്‌നങ്ങളെ വീണ്ടും 
താലോലിച്ചു തുടങ്ങിയത്‌...

Monday, December 1, 2014

ആരാധിക




















കാറ്റിന്‍റെ ഒക്കത്തിരിക്കുന്ന പറക്കും മേഘങ്ങള്‍,
ഇന്നിവള്‍ക്ക് കരി പുരണ്ട മുഖമാണ് 
ഇന്നിവള്‍ ചിരിക്കുന്നില്ല, മറിച്ച്
ആര്‍ക്കോവേണ്ടി പെയ്യാന്‍ മാത്രം
കണ്ണീരുമായ് അലയുകയാണ്...
മേഘങ്ങളേ, ഞാന്‍ നിന്‍റെ  ആരാധികയാണ് 
ഇന്നിങ്ങനെ മൗനമായ് അലയാന്‍ 
കാരണമെന്തെന്നു ചൊല്ലുമോ നീ.. ?????

എന്‍റെ കുടില്‍













പമ്പാനദി ഒഴുകും നാട്ടില്‍ 
തറവാട്ടിന്നൊരു കോണിലായി
എന്നച്ഛന്‍ തന്നോരിത്തിരി മണ്ണുണ്ട്
അവിടെനിക്കൊരു കുടില്‍ വേണം
എന്‍ കൈകളാല്‍ മെടഞ്ഞൊരു 
ഓലയാല്‍ തിര്‍ത്തോരു കുടില്‍...

ഉദിച്ചുയരും  ചുവന്ന കിരണങ്ങളേറ്റു
ഒരു ഉണര്‍ത്തു പാട്ടിന്‍ താളമായ് 
പുലരിയെന്നെ തഴുകിയുണര്‍ത്തണം.

തേനൂറും തെന്നലില്‍ പേരറിയാത്ത 
നിറമുള്ള മണമുള്ള ചെടികളും, പിന്നെ
തെച്ചിയും, ചെമ്പരത്തിയും, 
നന്ത്യാര്‍വട്ടവും, അരളിയും
പാതിരാമുല്ലകളും പൂത്തുലയുന്ന 
പൂവാടി ഒന്നു വേണമെന്‍ മുറ്റത്ത്.

പച്ചനിറത്താല്‍ പ്രകൃതിയോടു ചേര്‍ന്ന്  നില്‍ക്കും
മരങ്ങള്‍ വേണമതില്‍,  
നാനാതി പക്ഷികള്‍ സംഗീതവിരുന്നോരുക്കണം 
നാലു ചുറ്റിനും.

ഇരുണ്ടുകൂടും കാര്‍മേഘങ്ങള്‍ക്കു മുന്നേ 
കിഴക്കേ ചെരിവില്‍ വാനം 
സപ്തവര്ണ്ണങ്ങളാല്‍ വിസ്മയമോരുക്കണം.

ഈറന്‍ സന്ധ്യകളില്‍ ഉമ്മറക്കൊലായില്‍ 
നിറഞ്ഞു കത്തും നിലവിളക്കിന്‍ മുന്നില്‍-
നിന്നുയരണം നാമജപത്തിന്‍ ശീലുകള്‍.

മിന്നാമിനുങ്ങിന്‍ ഇത്തിരി വെട്ടത്താല്‍ 
അത്താഴത്തിന്‍ രുചി അറിയണമെനിക്ക്...
എന്റെ  മുറ്റത്തെ വിരുന്നുകാരാവണം
ചന്ദ്രനും  തരകമക്കളും!!

കത്തിയമരും താരങ്ങളെ നോക്കി 
നിലാവുള്ള രാത്രികളില്‍ , 
എന്‍ നൊമ്പരങ്ങളെ ,നെഞ്ചോടു ചേര്‍ത്ത്,  
സജലമാകുന്ന മിഴികളാല്‍
നാണിച്ചു മുഖം താഴ്ത്തി,
സ്വപ്നം കാണുമൊരു പെണ്ണായി
പെയ്തു തോര്‍ന്നൊരു മനസ്സുമായി
എനിക്കിന്നുറങ്ങണം .....
എന്‍ കുടിലില്‍........

Friday, November 28, 2014

എന്‍റെ ഗ്രാമം

















സമൃദ്ധിയുടെ കണിവെട്ടങ്ങള്‍ നിറഞ്ഞോരെന്‍,
ഗ്രാമത്തിന്‍ നാട്ടുവഴികള്‍ക്കെന്തൊരു സുഗന്ധം
കണിമഞ്ഞക്കും,മുക്കുറ്റിക്കും കാശിത്തുമ്പക്കും
പ്രിയമീ ഗ്രാമം.

പടര്‍ന്നു കയറാന്‍ പിച്ചകത്തിന്നു 
തളിര്‍ ശിഖരം നല്‍കിയൊരു 
കിളിമാരത്തിന്‍ ആര്‍ദ്രത നിറഞ്ഞതെന്‍ ഗ്രാമം..

പാടും പക്ഷികള്‍തന്‍ സംഗീതം കേട്ടുണരും
മോഹന സംഗീതത്തിന്‍ ഗ്രാമം
കര കവിഞ്ഞോഴുകുമാ പുഴകളും , തോടുകളും
പുഞ്ചിരിക്കും കളനാദമെന്‍ ഗ്രാമം ...

മുളം കാടുകള്‍ക്കിടയിലൂടെ  നാണിച്ചിറങ്ങി
വരുന്നൊരു  കാറ്റിന്റെ ചുണ്ടിലായി 
തെളിയുന്നൊരു മഴ പുഞ്ചിരിയും 
എന്‍ ഗ്രാമത്തിന്‍ ശാലീന സൌന്ദര്യം.

Friday, November 21, 2014

കുംങ്കുമച്ചെപ്പ്















പെരിയാര്‍, കരയെ പുല്‍കി മെല്ലെ ഒഴുകി 
തളിരിളം കുളിര്‍ കാറ്റുമായ് തെന്നലും ...
അഴിഞ്ഞുലഞ്ഞ കറുപ്പു ചേല മാറ്റി
മഞ്ഞില്‍ നീരാടി കുറിതോട്ടോരുങ്ങി
മഞ്ഞിന്‍ കസവുള്ള പട്ടുചേല ചുറ്റി
ഭൂമിപ്പെണ്ണും കാത്തുനിന്നു 
അകലെ രാവുകള്‍ നേദിച്ച കുങ്കുമവുമായി 
വരുമാ പുലരിയെ വരവേല്‍ക്കുവാന്‍...
മഞ്ഞിന്‍ മറ നീക്കി പുലരി
ജാലകപ്പഴുതിലൂടെന്നെയെത്തി നോക്കി
ഇന്നലെയന്തിക്ക് എന്നില്‍ നിന്നും കട്ടെടുത്ത
കുംങ്കുമച്ചെപ്പ് തിരികെത്തരുവതിനായ്.....

Friday, March 14, 2014

അവളിലൂടെ
















പ്രഭാതത്തില്‍ താമരയെ തഴുകിയുണര്‍ത്തി 
ജാലക വാതിലിലെത്തി  “പ്രഭാ” യെന്നു വിളിച്ചു 
നിദ്രയുടെ ആലസ്യത്തില്‍ നിന്നെന്നെയുണര്‍ത്തിയവന്‍
പക്ഷേ, അവനില്‍ നിന്നകന്നു വിളറി വെളുത്ത 
നിഴലായി നീണ്ടുപോയി ഞാന്‍ ...

മധ്യാഹ്നത്തിന്‍ ചില്ലു വെയില്‍ കണ്ണില്‍ തറച്ചപ്പോള്‍
വെയിലിനോട് ഇണ ചേര്‍ന്ന് മണല്‍പ്പരപ്പില്‍ 
കവിത രചിക്കാന്‍ അവനെന്നെ  'പ്രഭാ'യെന്ന
പേരുമാറ്റി “ഉഷ”യെന്നു ഉച്ചത്തില്‍ വിളിച്ചു ...

സന്ധ്യയുടെ ശോണിമയില്‍ നിലവിളക്കിന്‍ 
ചാരുതയില്‍ നിഴലായി അവനരികിലായി 
പതിയിരിക്കാന്‍ ഉഷയെന്ന പേരുമാറ്റി 
മണ്‍ചിരാതിന്‍ തിരി നീട്ടി “സന്ധ്യാ”യെന്നു വിളിച്ചു ... 

പഞ്ചമി ചന്ദ്രന്‍ ആമ്പല്‍ പൊയ്കയില്‍
നിലാമഴ പെയ്യിച്ച നേരം പാതിരാവില്‍ പൊയ്കയില്‍ 
നുണക്കുഴി തീര്‍ക്കുന്നത് കണ്ടു  കഥ പറഞ്ഞിരിക്കാന്‍ 
അവനെന്നെ സന്ധ്യാ യെന്ന പെരുമാറ്റി
വിറയാര്‍ന്ന സ്വരത്തില്‍ “രജനി”യെന്ന് വിളിച്ചു ...

Tuesday, March 11, 2014

ഒടുവില്‍



















എന്‍റെ ഡയറി താളുകള്‍ക്ക് 
ഇപ്പോള്‍ ചുവന്ന നിറമാണ്‌
ഇടവഴിയിലെ ഇരുട്ടില്‍ 
പിടഞ്ഞുവീണ യുവത്വത്തിന്‍റെ
വീര്യം കൂടിയ രക്ത ഗന്ധമാണ്
ഋതുഭേദങ്ങളുടെ ഇടയിലെവിടെയോ വെച്ച്
നനവുള്ള വാക്കുകളും സുഗന്ധവും 
എനിക്കന്ന്യമായിരിക്കുന്നു

ഒരു മഴക്കാലം പോലും ഇപ്പോള്‍
എന്‍റെ നെഞ്ചില്‍ കുളിരുപെയ്യിക്കുന്നില്ല
ഒരു വസന്തവും മനസ്സില്‍ 
സ്വപ്നങ്ങള്‍ വിതറുന്നില്ല 
ഹേമന്തത്തിലെ പുലരിയോന്നു പോലും
എനിക്കാശ്വാസം പകരുന്നില്ല
ഗ്രീഷ്മത്തില്‍  അടര്‍ന്നുവിഴുന്ന
ഒരു സായന്തനം പോലും
എന്‍റെ സിരകളെചൂടുപിടിപ്പിക്കുന്നില്ല

എന്‍റെ സ്വപ്നങ്ങളുടെ നിത്യ സ്മരണക്കായി
ഞാന്‍ എഴുതി തീര്‍ത്ത വരികള്‍ പോലും
ഉറുമ്പരിച്ചിരിക്കുന്നു
താളുകളിലോരോന്നിലും സ്പന്ദിച്ചിരിക്കുന്ന 
അക്ഷരങ്ങള്‍ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു

ഇഴഞ്ഞുനീങ്ങുന്ന ഓരോപുലരിയും
എന്നേ നോക്കി പരിഹസിക്കുന്നു...
സന്ധ്യകള്‍ മരണത്തിന്‍റെ ദൂതന്മാരെപ്പോലെ 
മൌനമായ് എനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നു...

ഒടുവില്‍...
ഈ ജനാലകള്‍ക്കപ്പുറത്ത്
തെക്കേ തൊടിയില്‍ അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന 
ഒരു നുള്ള് ചാരം മാത്രം മാകുന്നു ...

Monday, January 6, 2014

അയിത്തം.

















മാറിപ്പോവുക ചാത്തന്‍ പുലയ
തമ്പ്രാനീ‍ വഴി വന്നീടും 
ഓടിപ്പുവുക കാളി പുലയത്തി 
തമ്പ്രാനീ‍  വഴിയെഴുന്നള്ളും ...

കുടുമയു മുരുളി കണക്കെ കുടവയറും
മുറുക്കി ചുവപ്പിച്ചോരു ചുണ്ടും
വീശി തെളിയ്ക്കാന്‍‍ നായരും 
കാമം തീര്‍ക്കാന്‍ അടിയാളത്തിയും
ബ്രഹ്മണ്യമങ്ങനെ  ജ്വലിച്ചൊരു കാലം ...

ശൂദ്രന്‍ നായരെ അകന്നു നില്‍ക്കുക
പതിനാറടിയും
പഞ്ചമ ഗണനീഴവ  മാറി നില്‍ക്കുക
മുപ്പത്തിരണ്ടടിയും
അധ:കൃതന്‍ പുലയ ദൂരെ പോവുക 
അറുപത്തി നലാടിയും ...

കൂട്ടി തൊടീല്‍ ‍ചെയ്യെന്നാകില്‍ 
കുളിയും തേവാരോം ചെയ്യേണം
മേലാളന്‍ വരുമെന്നോതി  
മുന്നേയോടും നായ‍ന്‍ മാര്‍ ...

ദരിദ്രനാമടിയാളന്‍ വേലചെയ്യും 
പാടവരമ്പില്‍ പച്ചിലയും മണ്ണും 
കൂട്ടിയടയാളം വച്ചിടേണം 
ഇക്കാഴ്ച കാണും സവര്‍ണ്ണരാവനെ-
യാട്ടിപ്പായിക്കും നായ കണക്കെ ...

നടക്ക വേണ്ടയീ   രാജാ വീഥിയിലും,
പഠിക്ക വേണ്ട നീ വേദങ്ങളും,
ധരിക്ക വേണ്ട നീ വസ്ത്രങ്ങളും,
വിളിക്ക വേണ്ട നീ നാമങ്ങളും, 
പ്രാര്‍ഥന കേള്‍ക്കാന്‍ ദൈവങ്ങളും വേണ്ട ...

ശൂദ്രന്‍ നായര്‍ക്കയിത്തമായാല്‍
ഖഡ്ഗമുയരും ശിരസ്സിനു കീഴെ
അരക്കു മീതെ വസ്ത്രം വേണ്ടാ 
നമ്മുക്കു നിന്നെ തിരിച്ചരിയേണം ...

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ 
മൃഗങ്ങള്‍ കണക്കെ 
മനുഷ്യ ജനമ്ത്തെ യറയിലടച്ചു  പകുത്തു 
തിന്നൊരു നികൃഷ്ട്ട കാലം ...

നുകത്തില്‍ ബന്ധിച്ചു നിലമുഴുമി-
പ്പിക്കും കാളകള്‍ കണക്കെ
മണ്‍ കൂനയിലയില്‍ കാടിവെള്ളം 
പകര്‍ന്നു നല്‍കി മോന്തി കുടിപ്പിക്കും 
ശ്വാനന്‍ കണക്കെ ...

അടിയള നാകിലും ഗൂഡമാം  
പൌരുഷം തീര്‍ക്കാന്‍ കാഴ്ച വെക്കേണം 
പ്രായമെത്തിയ കിടത്തികളെ
കാമം ശമിച്ചാല്‍ ചവച്ചു തുപ്പി 
ചവിട്ടി കൂട്ടുമവളുടെ നാഭിക്കു കിഴെ ...

കാലങ്ങളെരിഞ്ഞൊടുങ്ങി 
ഫ്യൂഡല്‍ ഹസ്ത ങ്ങളില്‍ ഭദ്രമാം
ചെങ്കോലും കിരിടവും തെറിച്ചു വീണു

അടിമത്വത്തിന്‍ നുക കയത്തിന്‍ കീഴില്‍ 
മൃഗം കണക്കെയെരിഞ്ഞൊടുങ്ങി-
യൊരു ജനത തന്നുള്ളില്‍
ആത്മ വിശ്വാസത്തിന്‍ തിരി-
തെളിച്ചാരാടിയ പോരാട്ടങ്ങള്‍
പുതിയ പ്രഭാതങ്ങള്‍ക്കു കരുത്തേകി ...


(കടപ്പാട് : അജയ് കുമാര്‍)

Wednesday, January 1, 2014

പുതുവത്സരാശംസകള്‍

















ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ മാറ്റി പുതിയരെണ്ണം തൂക്കാന്‍ തിടുക്കം കൂട്ടുന്നു. മാസ നാമങ്ങളും, ദിന നാമങ്ങളും, നിര നിരയായ അക്കങ്ങളും ഒന്ന് തന്നെ.  വലിയ അക്കത്തിലുള്ള വര്‍ഷം മാത്രം മാറിയിരിക്കുന്നു ...! 

ഇന്നിന്‍റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാളത്തെ പുലരിയുടെ പ്രതീക്ഷകളുമായി, പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം എന്നല്ലേ എല്ലാവരും പറയുന്നത് . ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ? ഇല്ല, പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, എവിടെയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും,വേദനാ ജനകവുമായ വാര്‍ത്തകള്‍ മാത്രം. ഇന്നു ഈ ലോകത്തില്‍ ആര്‍ക്കും ആരേയും സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍,നമ്മുക്ക് എന്ത് നഷ്ട്ടപ്പെടുന്നു അല്ലെങ്കില്‍ എന്ത് നഷ്ട്ടപ്പെടുത്തുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പോലും ഉള്ള മനസ്സോ സമയമോ ഇല്ല .., ഘടികാരത്തിന്‍റെ സൂചിയെക്കാള്‍ വേഗതയില്‍ ആണ് മനുഷ്യന്‍റെ ചിന്തകളും പ്രവര്‍ത്തികളും.  


ഞങ്ങള്‍ക്കു ഇന്നു ഒരു കഷണം ബ്രെഡ്‌-ഉം ഒരുഗ്ലാസ്‌ ചായയും, അല്ലെങ്കില്‍ തെരുവോരത്തെ പൈപ്പിലെ പച്ചവെള്ളം,മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വശത്ത്,ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ്‌ റൈസും-ഉം,മട്ടന്‍ ഫ്രയും,ഫ്രൂട്ട്‌ സലാഡ്‌-ഉം കഴിക്കുന്ന ഒരു ജനത മറുവശത്ത്, ശരീരം മറക്കാന്‍ ഒരുഉടുതുണിക്ക്‌ ഇരക്കുന്നവരേയും,ഒരു ആഘോഷത്തിനു ആയിരങ്ങള്‍ മുടക്കി മുന്തിയ ഇനം വേഷങ്ങള്‍ ധരിക്കുന്നവരും നമ്മുക്ക് മുന്നില്‍ ഉണ്ട്,പക്ഷേ ആരും കരുതുന്നില്ല ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന്... 

ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്‍മാരും നിസ്സഹായരും ആണ്.എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നു,നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലുംതെറ്റിദ്ധരിച്ചു പിണങ്ങുന്നു, ആവോ? അറിയില്ല, ചിന്തിക്കാം...!! 

സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ള വരെക്കുറിച്ചോര്‍ക്കാന്‍ ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം.എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്‍റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും...!!അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമിയെയും അതിലെ ജീവനുകളെയും നശിപ്പിക്കുമോ....? ഇല്ലായിരിക്കാം....!!പക്ഷേ ചിന്താശക്തിയുള്ള മനുഷ്യന്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് പരമമായ സത്യം...,മനുഷ്യന്‍ മറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ എന്നും ഈ ഭൂമി ദൈവത്തിന്‍റെ സ്വന്തം നാടാകുമായിരുന്നു...,എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്‍ക്കും അല്‍പമെങ്കിലും സുഖവും സന്തോഷവും നല്‍കണേയെന്നു പ്രാര്‍ഥിക്കുന്നു.... എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.....!!!.