Tuesday, October 22, 2013

ശവപ്പറമ്പിലെ പൂവ്


















പുലരി‍മഞ്ഞില്‍ പൂത്ത  പൂവാണ് ഞാന്‍ ...
ഈ ശവപ്പറമ്പില്‍ ആരും കാണാതെ
ആരോരുമറിയാതെ ഞാനും എന്‍ കിനാക്കളും 
എനിക്ക് കൂട്ടായി ആത്മാക്കളും കുറ്റിച്ചെടികളും

മഞ്ഞിന്‍ കുളിര്‍മ്മയും പകലിന്‍റെ ചൂടും
രാവിന്‍റെ ഭീതിയും മാത്രം വന്നു പോയി 
പലര്‍ ഇവിടെ മരണത്തിന്‍റെ ഭാണ്ഡവും പേറി നിന്നു 
ഞാന്‍ ഒരു നഷ്ട സ്വപ്നത്തിന്‍ കഥയുമായി 

ഇരവും പകലും കടന്നു പോയി 
ഒരിറ്റു സ്നേഹം കൊതിച്ചയെന്‍- 
ഹൃദയത്തെയാരാരും കണ്ടതില്ല
എങ്കിലും ഞാന്‍ ചിരി തൂകി നിന്നു 

ആരോരുമറിയാതെ കണ്ണുനീര്‍ പൊഴിച്ചു ഞാന്‍
മരണത്തിന്‍ കാറ്റേറ്റ് തളര്‍ന്ന എന്‍ ഇതളുകള്‍ 
ഒരിറ്റു സ്നേഹത്തിനായി കൊതിക്കവേ 
വിരസത ദിനങ്ങളായി കടന്നു പോകുമ്പോള്‍ 

ഒരു നാള്‍ മേഘങ്ങള്‍ സ്വപ്നങ്ങളുമായി പറന്നു വന്നു 
പൂമ്പാറ്റകള്‍ എന്നിലെ തേന്‍കുടിച്ചു എന്നെ തലോടി 
ഇളം തെന്നല്‍ വീണ്ടും എന്നില്‍ തളിര്‍ത്തു 
സ്വപനങ്ങളെന്നറിയാതെ ആശിച്ചുപോയി ഞാന്‍ 

ഈ വസന്തം അവസാനിക്കാതിരുന്നുവെങ്കില്‍
എങ്കിലും അറിയുന്നു, പൂവാണ് ഞാന്‍
ചാവുഗന്ധം ചുമന്നു നില്‍ക്കുന്ന 
ശവപ്പറമ്പിലെ ശവംനാറി പൂവ് ...