Monday, February 11, 2013

മയില്‍പ്പീലി















"ആകാശം കാണാതെ പുസ്തകത്താളില്‍  
ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"
എന്നു  പറഞ്ഞ് കുഞ്ഞുനാളില്‍ 
ആ മയില്‍പ്പീലി തന്നത് അവനായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവന്‍റെ കണ്ണുകള്‍ പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും...
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്‍റെ കണ്ണുകള്‍ പുസ്തകതാളില്‍  ..
അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍ 
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...
പിന്നീടെപ്പോഴോ...!!
പീലി തന്നവന്‍ പറഞ്ഞു
"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "
ഞാന്‍ അക്കങ്ങളില്‍ ഒളിച്ചു
അവന്‍ മേഘങ്ങള്‍ക്കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്‍ന്നു  
അവന്‍ വന്നില്ല .
പക്ഷേ.... 
താഴെ വീണുടഞ്ഞ വളപൊട്ടുകളില്‍ 
വിരഹം തീര്‍ത്തോരു
വിളറിയ ചിത്രം ഞാന്‍ കണ്ടു
ഇന്നും എന്‍റെ കണ്ണുകള്‍ 
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല
പീലി തന്നവന്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്നു ചൊല്ലിയവള്‍  മിഴികള്‍ തുടയ്ക്കുന്നു
കരിമഷിയണിഞ്ഞ മിഴികള്‍ വിതുമ്പുന്നു
ആ ഒഴുക്കിനെ തടയാന്‍ 
ഒരു കടലിനും കഴിഞ്ഞില്ല...