എന്നോടൊത്തു ഉണരുന്ന പുലരികളില്‍
നിന്റെ കൈപിടിച്ചു തൊടിയിലൂടെ നടക്കുമ്പോള്‍
പേരറിയാത്ത കാട്ടുപൂക്കളും,
കരിയിലക്കിളികളും, വണ്ണാത്തിപ്പുള്ളുകളും
വാഴകൈയില്‍ ഊഞ്ഞാലാടും അണ്ണാറകണ്ണനും,
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.......
ഏകാന്തതയുടെ ഗീതങ്ങള്‍ക്കിടയില്‍
ഒരുമുളം തണ്ടില്‍ ഉതിരും
ഓടക്കുഴല്‍ നാദം പോലെ....
നിന് കിളിക്കോഞ്ച ലുകള്‍....
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം.....
ഇനിയുമുടയാത്ത കുപ്പിവളകൈകളില്‍
മിന്നിത്തിളങ്ങുന്ന വര്‍ണ്ണ വളച്ചീളുകളില്‍
മറഞ്ഞിരുന്നൊരു മിഴിനീര്‍ത്തുള്ളികള്‍
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....
കാവിനുള്ളില്‍ നാഗത്തറക്കുമേല്‍ ചുവന്ന
പവിഴം പോല്‍ ചിതറിക്കിടക്കുന്ന
മഞ്ചാടിമണികളും...കുന്നിക്കുരുവും ..
ഉള്ളംക്കയ്യില്‍ നിനക്കായി കരുതിയ
മഞ്ചാടി മണികളില്‍ ചിന്നി തെറിക്കുന്നു
മഞ്ഞുതുള്ളികളും മഞ്ഞള്‍ പ്രസാദവും
എന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം....
മുറ്റത്തേച്ചെടിയില്‍ പാതിരാവില്‍ വിരിയുന്ന
ഭൂമിയെപ്രണയിച്ച അപ്സര കന്യകയായ
നിശാഗന്ധി പൂവിന് നറു മണം വിതറുന്ന
രാത്രികള്‍ക്കു എന്തൊരു ഭംഗി ..
എല്ലാംമെന്‍ മനസ്സില്‍ വിരിയുന്നോരോര്‍മ്മകള്‍ മാത്രം..
ശരിതെറ്റുകളെ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലായെങ്കിലും
തണുത്ത മഴത്തുള്ളികള്‍ സ്വപ്നങ്ങളായ്
പെയ്തിറങ്ങി ഒരു പുഴയായ് ഒഴുകിപ്പടര്‍ന്നതും
മഴത്തുള്ളികളെന്നേ ആലിംഗനം ചെയ്യുന്ന
പ്രിയപ്പെട്ട മഴയായ് മാറിയതും....
നടന്നു വന്ന വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍
ഇനിയും മരിക്കാത്ത എന്‍ ഓര്‍മ്മകള്‍ മാത്രം....."