Tuesday, December 24, 2013

ക്രിസ്തുമസ്

























നന്മയാല്‍ വിരിച്ച 
പുല്‍തൊട്ടിലില്‍ താരകള്‍ 
വിരിഞ്ഞു നിന്നൊരു 
രാത്രിയില്‍ ലോകരക്ഷകനാം 
യേശുനാഥന്‍ പുഞ്ചിരിച്ചു 
ഭൂജാതനായി....
അവന്‍റെ കണ്ണുകള്‍ 
നേര്‍ വഴിയേകി 
അവന്‍റെ വാക്കുകള്‍ 
മുന്നില്‍ പാതയൊരുക്കി
അവന്‍റെ സഹനം 
ജീവനില്‍ അമൃതേകി 
സ്വപ്നം പോല്‍ വീണ്ടും 
വന്നു ക്രിസ്തുമസ്


Wednesday, December 18, 2013

പ്രണാമം














നിന്നെ മറക്കാന്‍ ആവുന്നില്ല
നിന്നെ മറക്കുന്ന മനസ്സുകളാണ് ഏറെയും;
നിമിഷങ്ങള്‍ നിന്നില്‍ കുത്തിവെച്ച വേദനയുടെ
നിസഹയാവസ്ഥക്ക് ഒരു വര്‍ഷം ...

നിന്നെ മൂടിയ ഇരുളിന് ശക്തി കൂടുന്നു
നിഴലിച്ച സൂര്യ കിരണങ്ങളും
നീല വിരിയിട്ടു വന്ന നിലാ വെളിച്ചവും
നിന്നെ കണ്ടില്ലെന്നു നടിച്ചു; പുഞ്ചിരിക്കുന്നു

നിറം ചാര്‍ത്തിയ സ്വപ്‌നങ്ങള്‍ അമ്മയുടെ മനസ്സില്‍
നിലം പതിച്ചു പോയ ദിനങ്ങള്‍ അച്ഛന്റെ ഓര്‍മ്മയില്‍
നിശബ്ദമായി ആരോടോ അരിശം കാണിക്കുന്ന ചേട്ടനും
നിന്റെ ഓര്‍മ്മയുടെ ചൂടില്‍ വെന്തുരുകുന്നു ...

നിലവിളിക്കാന്‍ ആവാതെ നിലത്ത് വീണു;
നിശബ്ദമായി തേങ്ങിയപ്പോഴും;
നിയമം നിന്നില്‍ ദയയില്ലാതെ അലറി.
നിരത്തുകള്‍ നിനക്കായ്‌ മെഴുകുതിരി കൊളുത്തി ...

നികായം നിന്നെ വിട്ടു പോയപ്പോഴും
നികാമനങ്ങള്‍ ഒരു കൂട്ടം തലയില്‍ വെച്ചപോഴും;
നികുഞ്ചിതമാം നിയമങ്ങള്‍ നിന്‍റെ;
നികുഞ്ജം കണ്ടില്ലെന്നു നടിപ്പതെന്തേ ??


Thursday, December 5, 2013

മോഹഭംഗങ്ങള്‍

























എന്‍റെ സ്വപ്നങ്ങള്‍ക്ക്
കൂട്ടായി നില്‍ക്കുമെങ്കില്‍ 
പറയാതെ പോയോരാ വാക്കുകള്‍
ഞാനെന്‍  ജീവ രക്തത്തില്‍
ആലേഖനം ചെയ്യാം..

എന്നിലേക്കെത്തുന്ന നാള്‍ 
വായിക്കുവാന്‍, പ്രിയനെ, 
ഒരു ചുടു നിശ്വാസത്തിന്‍ 
അരികിലായ്  ഞാനുണ്ടാവും.

നിന്‍റെ പുഞ്ചിരിപ്പൂക്കള്‍ കാത്തിരുന്നെന്‍
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി

പറയാത്ത മൊഴികള്‍ക്ക്‌ 
കാതോര്‍ത്ത്‌; കാലം പോയതറിയാതെ
ഇന്നുഞാന്‍ മാത്രമായി.

ആമുഖം കാണാന്‍ കൊതിക്കുമീ
നയനങ്ങള്‍ തമസിന്‍ വിലാപകാവ്യത്തില്‍ അലിഞ്ഞിതല്ലാതായി.


നിന്‍റെ വരവിനായി
കാത്തിരുന്ന എന്‍ ജീവിതം 
വെറും കാത്തിരിപ്പിന്‍ സമസ്യയായി.

ഹൃദയത്തില്‍ എരിയുന്ന
ഓര്‍മ്മകള്‍ക്കൊരു കുളിര്‍ ‍മഴയായ്
എന്നു വരുമെന്നറിയാതെ, 
പറയാതെപോയൊരു വാക്കുകള്‍;
ഒരു കനലായ് എന്നില്‍ 
എരിഞ്ഞടങ്ങി.

നിന്നില്‍ അലിയാന്‍ കൊതിച്ച്,
ഞാന്‍ ഒരു മഴയായി പെയ്തിറങ്ങി.
ഇനി ഞാനുറങ്ങട്ടെ,
ഉണരാന്‍ കൊതിക്കാതെ;
പാഴ് സ്വപ്നങ്ങള്‍ വിരിച്ചിട്ട 
ശയ്യയില്‍......... ...