Tuesday, October 29, 2013

പെയ്യാന്‍ മറന്ന മേഘങ്ങള്‍















കാണാതെയേറെക്കഴിഞ്ഞാല്‍ 
കണ്ണുകള്‍ക്കെന്തു മോഹം
കേള്‍ക്കാതെയേറെയിരുന്നാല്‍ 
കാതുകള്‍ക്കെന്തു ദാഹം

ഉദിക്കുമ്പോളര്‍ക്കനെന്തു ചന്തം 
സുവര്‍ണ്ണശോഭയാല്‍ പ്രഭാപൂരിതം

അസ്‌തമനസൂരൃന്‍റെ കിരണങ്ങള്‍ 
കൊണ്ട്ചാരുതയാര്‍ന്ന കനകകാന്തി
നൈമിഷികമെന്നോതി അരുണന്‍ 
ചിരിതൂകി വിലസിനില്‍പ്പൂ
മങ്ങുന്നൂ എന്നുടെ വര്‍ണ്ണശോഭ 
പോകുന്നു ഞാനന്ധകാരത്തിലേക്കായ് ...

അലയടിച്ചാര്‍ത്തിരമ്പും സാഗരമേ 
എന്തേ നീയിന്നിത്ര ശാന്തയായ്‌ 
പനിനീര്‍പ്പൂവിന്‍ പരിമളം പരത്തി 
ഒരുനനുത്തതെന്നലായ് നീയരികിലണഞ്ഞപ്പോള്‍  
അസ്വസ്തമാമെന്‍ മനസ്സിന്‍റെയുള്ളില്‍ 
ഭാവനാ മയൂരം നൃത്തമാടി 
മങ്ങി മരവിച്ചു മയങ്ങിക്കിടന്നോരേന്‍
സ്വപ്‌നങ്ങള്‍ ആലസ്യംവിട്ടുണര്‍ന്നെഴുന്നേറ്റിട്ട-
അന്നുതൊട്ടിന്നോളം വിഘ്‌നങ്ങളില്ലാതെ 
എന്നില്‍ ഭാവനാഗംഗയൊഴുകീടുന്നു ...

എന്നിലുറങ്ങുന്ന എന്നിലേയെന്നേ 
തട്ടിയുണര്‍ത്തിയ പൂങ്കുയിലേ
സ്വാഗതമോതുന്നു നിന്നെ ഞാനെന്നുടെ 
ഭാവനാലോകത്തിനുണര്‍ത്തുപാട്ടായ്‌
നിന്നുടെ മേനിതന്‍ നോവുകള്‍
എന്‍ഹ്യദയത്തിനേറ്റ മുറിവുകള്‍
നിന്‍റെ മനസ്സിന്‍റെ വേദന എനിക്കുതീരാത്തയാദന
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍ 
വെണ്‍മയാം ജീവിതം നിന്‍റെ കരങ്ങളില്‍ ...

Thursday, October 24, 2013

നീലാംബരി നീയെത്ര ധന്യ





















നിന്‍ മൊഴികളെക്കാള്‍ എത്രെയോ,
വാചാലമാണ്‌ നിന്‍ മൌനം 
നിന്‍ വദനത്തിന്‍ പ്രഭയില്‍ 
ദര്‍ശിക്കുന്നു ഉദയ സൂര്യകിരണങ്ങള്‍ 
പേടമാനിന്‍ വടിവൊത്ത നിന്‍ മിഴികള്‍
കനിഞ്ഞു നല്‍കിയതാരാണ് ...??

മിഴികളിലൊളിപ്പിച്ച നിന്‍  മൌനം
എന്‍റെ ഹൃദയത്തില്‍  കണ്ടുവല്ലോ!
എന്തോ,  പറയാതെ പറയാന്‍ 
വെമ്പുന്ന നിന്‍  മാനസം 
വാക്കുകളില്‍ കൊഴിയാതെ 
അധര വാതില്‍പ്പടിയില്‍ 
അറച്ചങ്ങു നില്‍ക്കുന്നുവോ ...??

നിന്‍റെ വാചാലതയില്‍  രാവും പകലും 
വഴിമാറിയപ്പോള്‍, നിന്നിലെ  മൌനം 
സന്ധ്യയെ നോക്കി കവിത കുറിച്ചുവോ ...??

തുളസിക്കതിരില ചൂടിയ
നനുത്ത കാര്‍കൂന്തലും 
ഈറന്‍ മുടിയിഴകളില്‍ നിന്നും
ഇറ്റിറ്റു വിഴുമാ നീര്‍ത്തുള്ളികളും
ഒരിറ്റു ചന്ദനം നെറ്റിയില്‍ ചാര്‍ത്തി
അഷ്ട്ടപതി താളത്തില്‍ ലയിച്ചു 
മിഴി കൂമ്പിയ നീയോ നീലാംബരി...

സുതാര്യ സുന്ദര ഹൃദയം സുസ്മിതത്താല്‍
പോഴിയുമധരം സുരഭില സൂര്യ വന്ദനം 
സുമുഖീ  നീലാംബരി നീയെത്ര ധന്യ ...!!




























Tuesday, October 22, 2013

ശവപ്പറമ്പിലെ പൂവ്


















പുലരി‍മഞ്ഞില്‍ പൂത്ത  പൂവാണ് ഞാന്‍ ...
ഈ ശവപ്പറമ്പില്‍ ആരും കാണാതെ
ആരോരുമറിയാതെ ഞാനും എന്‍ കിനാക്കളും 
എനിക്ക് കൂട്ടായി ആത്മാക്കളും കുറ്റിച്ചെടികളും

മഞ്ഞിന്‍ കുളിര്‍മ്മയും പകലിന്‍റെ ചൂടും
രാവിന്‍റെ ഭീതിയും മാത്രം വന്നു പോയി 
പലര്‍ ഇവിടെ മരണത്തിന്‍റെ ഭാണ്ഡവും പേറി നിന്നു 
ഞാന്‍ ഒരു നഷ്ട സ്വപ്നത്തിന്‍ കഥയുമായി 

ഇരവും പകലും കടന്നു പോയി 
ഒരിറ്റു സ്നേഹം കൊതിച്ചയെന്‍- 
ഹൃദയത്തെയാരാരും കണ്ടതില്ല
എങ്കിലും ഞാന്‍ ചിരി തൂകി നിന്നു 

ആരോരുമറിയാതെ കണ്ണുനീര്‍ പൊഴിച്ചു ഞാന്‍
മരണത്തിന്‍ കാറ്റേറ്റ് തളര്‍ന്ന എന്‍ ഇതളുകള്‍ 
ഒരിറ്റു സ്നേഹത്തിനായി കൊതിക്കവേ 
വിരസത ദിനങ്ങളായി കടന്നു പോകുമ്പോള്‍ 

ഒരു നാള്‍ മേഘങ്ങള്‍ സ്വപ്നങ്ങളുമായി പറന്നു വന്നു 
പൂമ്പാറ്റകള്‍ എന്നിലെ തേന്‍കുടിച്ചു എന്നെ തലോടി 
ഇളം തെന്നല്‍ വീണ്ടും എന്നില്‍ തളിര്‍ത്തു 
സ്വപനങ്ങളെന്നറിയാതെ ആശിച്ചുപോയി ഞാന്‍ 

ഈ വസന്തം അവസാനിക്കാതിരുന്നുവെങ്കില്‍
എങ്കിലും അറിയുന്നു, പൂവാണ് ഞാന്‍
ചാവുഗന്ധം ചുമന്നു നില്‍ക്കുന്ന 
ശവപ്പറമ്പിലെ ശവംനാറി പൂവ് ...

Monday, October 21, 2013

അവ്യക്തം














തെളിയാത്ത ചിത്രമായ്‌  മനസ്സിലെത്തി
മിഴിവാര്‍ന്ന രൂപമായ്  മുന്നിലെത്തി
മിഴിയടച്ചൊന്നു തുറക്കും മുന്‍മ്പേ 
ഒരുവാക്കും മിണ്‍ടാതെ നടന്നകന്നോ  നീ ...?

മാരിവില്ലിന്‍റെ സപ്‌ത വര്‍ണ്ണങ്ങള്‍ 
വാനിടത്തില്‍ ക്ഷണിക നേരമല്ലോ 
മായാതെ മാനത്തു നില്‍ക്കും പോലെവന്നു
ചേര്‍ന്നങ്ങണയുമുമ്പേ ഓടിയൊളിച്ചതെങ്ങോ നീ …?

നേരമേറെ കാത്തു നിന്നു ഞാന്‍
ആര്‍ക്കനങ്ങു അഴിയില്‍ മുങ്ങിതാണ 
നേരവും കഴിഞ്ഞു വീഥിയില്‍ 
ഇരുള്‍മൂടുവോളം കാത്തുനിന്നു ...

കത്തിതീര്‍ന്ന പകലുകള്‍ സന്ധ്യകള്‍ക്ക് 
വഴി മാറിയ വേളയില്‍ കാണുവാനേറെ 
കൊതിച്ച നേരത്ത് നിയങ്ങ് അകന്നുപോയെന്‍ 
ഓര്‍മ്മകളില്‍ പുലര്‍മഞ്ഞു വീണുടഞ്ഞ പോലെ ...

നിന്‍റെ സാമിപ്യം ഏറെ ഞാനിഷ്‌ട പ്പെടുന്നു 
നീയെന്‍ചാരേ വരാതിരിക്കുമ്പോള്‍ 
കുളിര്‍തെന്നലിനുപോലും ഉഷ്ണത്തിന്‍റെ തീക്ഷണത
നറുമൊഴികള്‍ക്കു പോലും നോവിന്‍റെ നീറ്റല്‍ ....

വാസനയില്ലാത്ത കുസുമമോ ...
ശ്രുതിയേതുമില്ലാ സംഗീതമോ ....
പൂക്കള്‍വിടരാത്ത പാഴ്‌മരമോ ...
അഹന്തയെന്ന വാക്കിന്‍റെ പര്യയായമോ നീ ...?

Wednesday, October 9, 2013

ഭോപ്പാല്‍
















ഞാന്‍ ഭോപ്പാലിലെ സ്ത്രീ ...
പെറ്റിടാത്ത , പേറിടാത്ത ഭോപ്പാലിലെ സ്ത്രീ 
ഒര്‍ക്കുന്നു ഞാനാ ഇരുണ്ട രാത്രിയെ
രാത്രി മയക്കത്തിലെപ്പോഴോ 
ഉയര്‍ന്നു പൊങ്ങി വിഷപ്പുക
ഞെട്ടിയുണര്‍ന്നു ഞാന്‍.ചുറ്റും കണ്ണോടിച്ചു 

കണ്‍കളില്‍ കാരമുളകിന്‍ നീറ്റലും
നിശ്വാസത്തിലഗ്നിയുമെരിഞ്ഞു
ചുറ്റുമെന്തെന്നറിയാതെ വാകീറീ 
ചോരനിറമുള്ള കുഞ്ഞുങ്ങള്‍
കത്താത്ത വഴിവിളക്കിന്‍ രോദനം
കേള്‍ക്കാതെയലറിയോടിത്തളര്‍ന്നുവീണു 
പാതി ചത്തജന്മങ്ങള്‍

നേരംപുലര്‍ന്നു കിളി നാദമില്ലാതെ
ഛര്‍ദ്ദിയും ചോരയുമൊഴുകി
പുഴയായി ഭവിച്ചതില്‍ 
വീര്‍ത്തുപൊങ്ങി ഭോപ്പാല്‍
യക്ഷികള്‍ പാര്‍ക്കും കരിമ്പന
കൂട്ടങ്ങള്‍ക്കിടയിലൂടോടിയും 
ചാടിയുംചിറകടിച്ചുമെത്തി 
രക്ത നേത്രങ്ങള്‍ ഉള്ള കാലന്‍ കഴുകന്‍മാര്‍ 
കൊത്തിയും മാന്തിയയും ഉന്മാദ 
നൃത്തമാടീ കരിംമ്പരുന്തുകള്‍ ...

ചീയാനൊരുങ്ങും ദേഹങ്ങള്‍ക്കിയിലൂടെ-
വിടെയൊക്കെയോ ഞരങ്ങിയും മൂളിയും 
ഹസ്തമിളക്കി കേണു ദാഹംകാമിച്ച ദുര്‍ ദേഹങ്ങള്‍
ഭോപ്പാലെരിഞ്ഞമര്‍ന്നു ചുറ്റും ചുടലക്കളങ്ങള്‍ പിറന്നു
മാംസം കത്തും തലനാരുകള്‍പുകയും ദുര്‍ഗന്ധംപരന്നു 
ഭോപ്പാലിന്നൊരുദ്യാനം കണ്ണില്ലാത്തോര്‍ കാതില്ലാത്തോര്‍
ആനത്തലയും ചെറുമുടലുമുള്ളോര്‍
കൌമാരത്തിലെപ്പഴൊ ആര്‍ത്തവമസ്തമിച്ചോര്‍ 
പാര്‍ക്കും പാഴ്ജന്മങ്ങള്‍ ജനിക്കുമൊരുദ്യാനം. 

(ഇതും അജയ് യുടെ കവിത , വേറിട്ട ഒരു സൃഷ്ടി.)