Monday, December 31, 2012

വിടപറയുന്ന സന്ധ്യ




















ഒരു വര്‍ഷത്തിലെ അവസാന സന്ധ്യയും
ഡിസംബറിലെ നനുത്ത മഞ്ഞിന്‍ കുളിരിനൊപ്പം 
അര്‍ദ്രയായെന്നെ വിട്ടൊഴിഞ്ഞപ്പോള്‍
മനസ്സെന്തിനോ വിതുമ്പുന്നു ...

ഓര്‍മ്മയില്‍ ഒരു കനവായി തെളിയുന്ന 
സ്നേഹ തീരത്തില്‍ ഏകയായി നില്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന ആര്‍ദ്രനാദങ്ങള്‍ക്കൊടുവില്‍
ഇന്നിന്‍റെ  നൊമ്പരം എന്നെ അടുത്തറിയുന്നു ...

തുറിച്ചു നോക്കുന്ന പകലുകള്‍ക്കിടയിലെവിടെയോ,
വീണു ഉടഞ്ഞു ചിതറിയ ബന്ധവും
അടരാന്‍ വെമ്പുന്ന ഹൃദയത്തില്‍നിന്നു മിറ്റു 
വീഴുന്ന നിണവും ഇന്നെനിക്ക്‌ സ്വന്തം ...

കരഞ്ഞു തീര്‍ക്കുന്ന സന്ധ്യകള്‍ക്കിടയിലൂടെ
ഇന്നലെയുടെ നീറുന്ന നിനവുകള്‍
വെട്ടി തിളക്കുമീ ജ്വാലാമുഖികള്‍ക്കു നടുവില്‍
ഇന്നിന്‍റെ നഷ്ടത്തെ  ചേര്‍ത്തു പിടിക്കുന്ന പാഴ്മനസ്സ് ...

കാലത്തിന്‍റെ  കറുത്ത പുകക്കുള്ളില്‍ എവിടെയോ 
മറഞ്ഞു പോയൊരു നനുത്ത വര്‍ണ്ണം
ഇനിയും മരിച്ചു ദ്രവിക്കാത്ത ഓര്‍മ്മകള്‍ക്കു 
നടുവില്‍വീണു പിടയുന്ന മനസ്സ് ...

മുറിഞ്ഞ മൌനത്തിന്‍റെ   സംഗീതത്തിനോടുവില്‍,
തേങ്ങി തളര്‍ന്ന രാഗങ്ങള്‍ക്കു നടുവില്‍
തിളച്ചു പൊന്തുന്ന സ്നേഹാഗ്നിയില്‍ 
ഒരു വേനല്‍ പക്ഷി വെന്തുയെരിയുന്നു ...

മിഴി നീരു ഇറ്റു വീണ കാലത്തിന്‍റെ കല്‍പടവില്‍ 
ആരോ മറന്നു വെച്ചൊരു തൂലികത്തുമ്പും  പിടിച്ചു,
ഒരു ജന്മത്തിന്‍റെ  കാവ്യം തീര്‍ക്കാന്‍ ...
ഇന്നിന്‍റെ നിറവിലൂടൊരു പ്രയാണം ആരംഭിക്കട്ടെ!














ഒരു നല്ല പുലരിക്കായി കാത്തിരിക്കാം ....

5 comments:

  1. ഗൃഹാതുരസ്മരണകള്ക്ക് ആശംസകള്....

    ReplyDelete
  2. നന്മ നേരുന്നു..........

    new year wishes.............

    ReplyDelete
  3. പ്രയാണം തുടരുന്നു
    ഭംഗമില്ലാതെ

    ReplyDelete